അശ്ലീല വീഡിയോ ലിങ്കുകളുടെ രൂപത്തില്‍ ഫേസ്ബുക്ക് വൈറസ് പടരുന്നു




വൈറസ് ആക്രമണങ്ങള്‍ പുതുമയല്ലാത്ത ഫേസ്ബുക്കില്‍ അശ്ലീല വീഡിയോ ലിങ്കിന്റെ രൂപത്തിലാണ് പുതിയ വൈറസ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി ഈ വൈറസ് പ്രചരിച്ചെന്നാണ് റിപ്പോര്‍ട്ട്.
ഫേസ്ബുക്ക് നോട്ടിഫിക്കേഷന്റെ രൂപത്തിലാണ് വൈറസ് പ്രത്യക്ഷപ്പെടുന്നത്. ഫേസ്ബുക്കിലെ സുഹൃത്തുക്കള്‍ ആരെങ്കിലും അശ്ലീല വീഡിയോ നിങ്ങളെ ടാഗ് ചെയ്‌തെന്നായിരിക്കും നോട്ടിഫിക്കേഷന്‍ കാണിക്കുക. ഇതില്‍ കാണിച്ചിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താലാണ് വൈറസ് പണി തുടങ്ങുക.
വീഡിയോ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വീഡിയോ പ്ലേ ചെയ്തു തുടങ്ങും. എന്നാല്‍ പകുതിവെച്ച് വീഡിയോ നില്‍ക്കുകയും തുടര്‍ന്നു കാണണമെങ്കില്‍ പുതിയ ഫഌഷ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്യണമെന്ന സന്ദേശം പ്രത്യക്ഷപ്പെടുകയും ചെയ്യും. ഫ്ഌഷ് പ്ലെയര്‍ ഡൗണ്‍ലോഡ് ചെയ്താല്‍ വൈറസ് നിങ്ങളുടെ കമ്പ്യൂട്ടറിലെത്തും.
തുടര്‍ന്ന് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ഈ സന്ദേശത്തിന്റെ നോട്ടിഫിക്കേഷന്‍ പോകും. ഫ്രണ്ട്‌സ് ലിസ്റ്റിലുള്ള 19 പേര്‍ക്കാണ് വൈറസ് നോട്ടിഫിക്കേഷന്‍ അയക്കുക. ഇവരില്‍ ആരെങ്കിലും ലിങ്കില്‍ ക്ലിക്കു ചെയ്താല്‍ അവരുടെ 19 സുഹൃത്തുക്കള്‍ക്ക് സന്ദേശം പോകും. ഈ രീതിയിലാണ് വൈറസ് പടരുന്നത്.
നേരത്തെ മാസങ്ങള്‍ക്ക് മുമ്പും സമാനമായ രീതിയില്‍ അശ്ലീല വീഡിയോ ലിങ്കിന്റെ രൂപത്തില്‍ വൈറസ് പ്രചരിച്ചിരുന്നു. അന്ന് ഒരു ലക്ഷത്തിലേറെ ഫേസ്ബുക്ക് ഉപഭോക്താക്കളെ വൈറസ് ബാധിച്ചു. സമാനമായ വൈറസാണ് ഇപ്പോഴും പ്രചരിക്കുന്നത്.
വൈറസ് സംബന്ധിച്ച് ഫേസ്ബുക്ക് പ്രതികരണം ഇങ്ങനെ’വൈറസ് ആക്രമണം തടയുന്നതിന് പ്രത്യേക ടീം തന്നെ ഫേസ്ബുക്കിനുണ്ട്. ഇത്തരത്തിലുള്ള വൈറസുകളെ എല്ലാ ദിവസവും തടയുന്നുണ്ട്. ഇവയില്‍ പലതും ചുരുങ്ങിയ സമയം കൊണ്ടുതന്നെ പിടികൂടാറുണ്ട്. കമ്പ്യൂട്ടറിലെ വിവരങ്ങള്‍ നശിപ്പിക്കുന്ന രീതിയിലുള്ള ലിങ്കുകള്‍ കണ്ടെത്തിയാല്‍ അപ്പോള്‍ തന്നെ അവ ബ്ലോക്ക് ചെയ്യുകതന്നെ ചെയ്യും’
വിശദീകരണത്തിനൊപ്പം വൈറസില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗവും ഫേസ്ബുക്ക് തന്നെ പറയുന്നുണ്ട്. സംശയം തോന്നുന്ന നോട്ടിഫിക്കേഷനുകള്‍, പ്രത്യേകിച്ചും അശ്ലീല വീഡിയോ പോലുള്ള ലിങ്കുകള്‍ തുറക്കാതിരിക്കുക.

0 comments: